Kolathunadu Kingdom | Kingdoms of Kerala

Kolathunadu Kingdom | Kingdoms of Kerala
കോലത്തുനാട് രാജവംശം
വടക്ക് നേത്രാവതി മുതൽ കോരപ്പുഴ വരെയുള്ള പ്രദേശമായിരുന്നു കോലത്തുനാട്. കോലത്തിരിയെന്നാണ് രാജാവിന്റെ സ്ഥാനപ്പേര്. വളരെയേറെ പഴക്കമുള്ള ഒരു രാജവംശത്തിന്റെ പിന്തുടർച്ചക്കാരാണിവർ. ആദ്യകാലത്ത് ഏഴിമല തലസ്ഥാനമാക്കി വാണിരുന്ന നന്നൻ എന്ന പ്രസിദ്ധരാജാവിനെക്കുറിച്ച് സംഘകാലകവി പരണർ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ചേരന്മാരുമായുള്ള ഒരു യുദ്ധത്തിൽ നന്നൻ മൃതിയടഞ്ഞു. അതിനുശേഷം കുറച്ചുകാലത്തേക്ക് ഏഴിമല രാജ്യത്തിൻറെ ചരിത്രം വ്യക്തമല്ല.

നന്നന്റെ പിന്മുറക്കാരായിരിക്കാം മൂഷകവംശക്കാർ. മൂഷകവംശക്കാർ കോലത്തുനാട് രാജാക്കന്മാരാണ്. ഏഴിമല ഏലിമലയും എലിമലയുമായിട്ടാണ് സംസ്കൃതത്തിൽ മൂഷകവംശമായത്. മൂഷകവംശത്തിന്റെ ചരിത്രവും വംശാവലിയും വ്യക്തമാക്കുന്ന ഒരു സംസ്കൃതകാവ്യം, ഈ വംശത്തിലെ ശ്രീകണ്ഠൻ എന്ന രാജാവിന്റെ സദസ്യനായിരുന്ന അതുലന്‍ രചിച്ചിട്ടുണ്ട്‌. അതിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധമാണ്‌. ഈ കാവ്യത്തിന്റെ ആദ്യഭാഗങ്ങള്‍ ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിലും അവസാനഭാഗങ്ങള്‍ ചരിത്രവസ്തുതകളാണ്. വിക്രമരാമന്‍, ജയമാനി, വല്ലഭൻ, ശ്രീകണ്ഠന്‍ എന്നീ രാജാക്കന്മാരെക്കുറിച്ച്‌ ഈ കൃതിയില്‍നിന്ന്‌ മനസ്സിലാക്കാം. വിക്രമരാമന്‍ എന്ന മുഷകരാജാവ് ശ്രീമൂലവാസം എന്ന ബൗദ്ധവിഹാരത്തെ കടല്‍ ക്ഷോഭത്തിൽ നിന്ന് രക്ഷിച്ചതായി പറയുന്നു. വലഭന്‍ എന്ന രാജാവാണ്‌ വലഭപട്ടണം സ്ഥാപിച്ചതെന്നും ഈ കൃതിയിൽ നിന്ന്‌ മനസ്സിലാക്കാം.

13-ാം നൂറ്റാണ്ടില്‍ ലോകപ്രസിദ്ധ സഞ്ചാരിയായ മാര്‍ക്കോപോളോ ഈ രാജ്യത്തെ എലിനാട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്‌. 14-ാം നൂറ്റാണ്ട്‌ മുതലാണ് ഈ രാജ്യത്തെ കോലത്തുനാടെന്നും ഭരണാധികാരിയെ കോലത്തിരിയെന്നും വിളിക്കാൻ തുടങ്ങിയത്‌. ഈ കാലഘട്ടത്തിലാണ് ഏഴിമലയിൽ വ്യാപാരങ്ങളും കച്ചവടങ്ങളും തഴച്ചുവളർന്നത്. പ്രകൃതിദത്തമായ തുറമുഖമാണ്‌ ഏഴിമലയിലേത്‌. ഈ പ്രദേശം ധാരാളം വിദേശസഞ്ചാരികളുടെ കൃതികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. "പ്രകൃതിമനോഹരമായ ഭൂഭാഗമാണ് ഏഴിമലയെന്നും വലിയ ചൈനീസ്‌ കപ്പലുകള്‍ ഇവിടെയും കോഴിക്കോട്ടും കൊല്ലത്തും മാത്രമേ അടുക്കാറുള്ളൂ" വെന്നുമാണ്‌ ഇബ്നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പുകളില്‍ ഉള്ളത്‌.

കണ്ണൂര്‍ വലിയൊരു നഗരവും തുറമുഖവുമായി വളര്‍ന്നപ്പോള്‍ ഏഴിമലയുടെ പ്രാധാന്യം കുറഞ്ഞു. രണ്ടത്തറ, കോട്ടയം, കടത്തനാട്‌ എന്നീ നാടുവാഴികള്‍ കോലത്തിരിയുടെ സാമന്തന്മാരായിരുന്നു. ആലി രാജവംശത്തിന്റെ ഉദ്ഭവവും ഈ രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മൂത്തരാജാവും നാല്‌ ഇളമുറക്കാരും കൂടിയാണ്‌ കോലത്തുനാടിന്റെ ഭരണം നടത്തിയിരുന്നത്‌. ഇവര്‍ മരുമക്കത്തായക്കാരാണ്‌. രാജകുടുംബത്തിലെ ഏറ്റവും മൂത്ത അംഗം കോലത്തിരിയെന്ന സ്ഥാനം സ്വീകരിച്ച്‌ രാജാവാകും. തെക്കളംകൂര്‍, വടക്കളംകൂ൪, നാലാംകൂര്‍, അഞ്ചാംകൂര്‍ എന്നിങ്ങനെയാണ്‌ കൂറുക്രമം. മുരുകഞ്ചേരിക്കുടുംബക്കാർക്കാണ് പാരമ്പര്യമായി മന്ത്രിസ്ഥാനം. ചിറ്റോട്ടു കുരുക്കളാണ് സേനാപതി. ധനകാര്യത്തിന്റെ ചുമതല മാവില നമ്പ്യാർക്കാണ്. അരിപ്പന്‍ നമ്പൂതിരിയാണ്‌ കൊട്ടാരവൈദികന്‍. പ്രധാന ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം മുട്ടമസ്‌ നമ്പൂതിരിക്കും കത്തിമട നമ്പൂതിരിക്കുമാണ്‌. മാടായിക്കാവാണ് കോലത്തിരി കുടുംബത്തിലെ പ്രധാന ക്ഷേത്രം. കൃഷ്ണഗാഥാകര്‍ത്താവായ ചെറുശ്ശേരി നമ്പൂതിരി, ഉദയവര്‍മ്മന്‍ എന്നിവർ കോലത്തിരിയുടെ സദസ്യരായിരുന്നു.

കോലത്തിരിയും സാമൂതിരിയും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. അവർ തമ്മില്‍ പലയുദ്ധങ്ങളും നടന്നിട്ടുണ്ട്. പോർച്ചുഗീസുകാരുടെ ആഗമനകാലത്ത് കോലത്തിരിയേക്കാൾ സാമൂതിരിയായിരുന്നു കൂടുതൽ ശക്തൻ. സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞ പോര്‍ച്ചുഗീസുകാരെ കോലത്തിരി സ്വീകരിച്ചതും അവര്‍ക്ക്‌ കോട്ടകെട്ടാന്‍ അനുവാദം കൊടുത്തതും വ്യാപാരസൗകര്യം ചെയ്തു കൊടുത്തതും സാമൂതിരിയുമായുള്ള ശത്രുതയുടെ ഭാഗമാണ്‌. പില്‍ക്കാലത്ത് പോര്‍ച്ചുഗീസുകാരുടെ തനിനിറം മനസ്സിലായപ്പോള്‍ അവര്‍ തമ്മില്‍ പിണങ്ങി. പോര്‍ച്ചുഗീസുകാരെ നേരിടാന്‍ കോലത്തിരി ഡച്ചുകാരുടെ സഹായം തേടി.

കോലത്തിരി രാജവംശവുമായി അറയ്ക്കല്‍ രാജവംശത്തിന്‌ അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും അധികാരമോഹം അവരെ തമ്മില്‍ അകറ്റി. കോലത്തിരിയെ എതിര്‍ക്കാന്‍ വേണ്ടിയാണ്‌ അറയ്ക്കല്‍ രാജാവ്‌ മൈസൂരിലെ ഹൈദര്‍ അലിയെ മലബാറിലേയ്ക്ക്‌ ക്ഷണിച്ചത്‌. ഹൈദറിന്റെ ആക്രമണത്തില്‍ കോലത്തിരിവംശം ആകെ തകര്‍ന്നു. തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. കാര്‍ത്തിക തിരുനാൾ മഹാരാജാവ് അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ കോലത്തിരിവംശം നിലനിന്നു. മൈസൂറിനെ തോല്‍പിച്ച്‌ ഇംഗ്ലീഷുകാര്‍ കോലത്തുനാട്‌ ഉള്‍പ്പെടെയുള്ള മലബാര്‍ പ്രദേശം മുഴുവന്‍ മദ്രാസ് പ്രവിശ്യയില്‍ ചേര്‍ത്തു.

No comments:

Powered by Blogger.