Attingal Kingdom | Kingdoms of Kerala
ആറ്റിങ്ങൽ സ്വരൂപം |
---|
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് ആറ്റിങ്ങൽ സ്വരൂപം. ആറ്റിങ്ങൽ സ്വരൂപം വേണാടിന്റെ ഭാഗമായിരുന്നു. എന്നാൽ കാലക്രമത്തിൽ ആറ്റിങ്ങൽ സ്വതന്ത്ര സ്വരൂപമായി മാറി. ഇന്നത്തെ ചിറയിൻകീഴ് താലൂക്കിൽപെട്ട പതിനായിരത്തോളം ഏക്കർ മാത്രം വിസ്തീർണ്ണമുണ്ടായിരുന്ന ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു ആറ്റിങ്ങൽ. ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കിയിരുന്നു.
ആറ്റിങ്ങൽ റാണിമാരുടെ ആൺമക്കളാണ് പിന്നീട് ദേശിങ്ങനാട്ടും, വേണാടിലും രാജാക്കന്മാരായി തീർന്നത്. തിരുവിതാംകൂറിലെ മഹാരാജാവ് ആദിത്യവർമ്മയുടെ അനന്തരവൾ ആണ് ഉമയമ്മറാണി എന്നറിയപ്പെട്ട ആറ്റിങ്ങൽ കോവിലകത്തെ അശ്വതി തിരുനാൾ ഉമയമ്മറാണി.
1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ആറ്റിങ്ങൽ സ്വരൂപത്തിൽ നിന്നുള്ള ഉമയമ്മറാണി. കിരീടാവകാശിയായ രവിവർമ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകുന്നതുവരെയാണു റാണി ഭരണം നടത്തിയത്. രവിവർമയുടെ മാതൃസഹോദരിയായിരുന്നു ഉമയമ്മറാണി. ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതിയ 'ഉമാകേരളം' ഉമയമ്മറാണിയുടെ ജീവിതത്തെ ആസ്പതമാക്കിയുള്ളതാണ്. റാണിയെ വീരനായികയായും കേരളത്തിന്റെ പ്രതീകവുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
റാണി കഴിവുറ്റ ഭരണാധികാരിയായിരുന്നു. ക്ഷേത്രങ്ങളിലെ വരവു ചെലവ് കണക്കാക്കി യോഗക്കാരെ നിയന്ത്രിച്ചു. മുഗൾ സർദാർ (മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരം ആക്രമിച്ചു. ആ സമയത്ത് രാജ്യകാര്യങ്ങളിൽ സഹായിച്ചിരുന്ന കേരള വർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുകിലപ്പടയെ തോൽപ്പിച്ചു. 1679ൽ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകി. വിഴിഞ്ഞം, വലിയതുറ തുറമുഖം എന്നിവിടങ്ങളിൽ ഫാക്ടറി സ്ഥാപിക്കാനുള്ള അധികാരം നൽകി. 1698ൽ ഉമയമ്മറാണി അന്തരിച്ചു. റാണിമാർ സ്വന്തം നിലയിൽ വിദേശികളുമായി കരാറുണ്ടാക്കുവാനും, അമിതാധികാരം കയ്യാളാനും ആരംഭിച്ചതോടുകൂടി ഈ രാജ്യത്തെ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ചു.
No comments: