Dynasties of Malabar | Kingdoms of Kerala

Dynasties of Malabar | Kingdoms of Kerala
നിലമ്പൂർ രാജവംശം
നമ്പൂതിരിമാരുടെ ആധിപത്യത്തിന് കീഴിലായിരുന്ന ഒരു ചെറിയ ഉൾനാട്ടു രാജ്യമായിരുന്നു നിലമ്പൂർ. മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽനിന്ന് 25 കിലോമീറ്റർ വടക്കായിട്ടാണ് ഇതിന്റെ സ്ഥാനം. നിലമ്പൂരിൽ ചാലിയാർപ്പുഴയുടെ തീരത്താണ് പ്രശസ്തമായ വേട്ടയ്ക്കൊരുമകൻ കോവിലും നിലമ്പൂർ കോവിലകവും.

കോലത്തുനാട് രാജവംശം
വടക്ക് നേത്രാവതി മുതൽ കോരപ്പുഴ വരെയുള്ള പ്രദേശമായിരുന്നു കോലത്തുനാട്. കോലത്തിരിയെന്നാണ് രാജാവിന്റെ സ്ഥാനപ്പേര്. വളരെയേറെ പഴക്കമുള്ള ഒരു രാജവംശത്തിന്റെ പിന്തുടർച്ചക്കാരാണിവർ.

കവള്ളുവനാട് രാജവംശം
വള്ളുവ (പറയർ)രുടെ നാടാണ് വള്ളുവനാടായതെന്നും അതല്ല, വലഭന്റെ നാട് എന്നർത്ഥം വരുന്ന വല്ലഭക്ഷോണിയാണ് വള്ളുവനാടായതെന്നതും അഭിപ്രായങ്ങളുണ്ട്. ഒരു കാലത്ത് തെക്കേ മലബാറിന്റെ ഭൂരിഭാഗവും വള്ളുവനാടിന്റെ കീഴിലായിരുന്നു. എന്നാൽ ഇന്ന് വള്ളുവനാട് പാലക്കാട് ജില്ലയിലെ ഒരു താലൂക്ക് മാത്രമാണ്. അങ്ങാടിപ്പുറമായിരുന്നു വള്ളുവനാടിന്റെ ആദ്യത്തെ തലസ്ഥാനം.

ഏറനാട് രാജവംശം
കുലശേഖരസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട നാല്‌ സ്വരൂപങ്ങളില്‍ ഒന്നായിരുന്നു ഏറനാട്. പിൽക്കാലത്ത്‌ കോഴിക്കോട്‌ സാമൂതിരിമാർ എന്ന പേരില്‍ പ്രശസ്തരായ ഭരണാധികാരികള്‍ ഇവരുടെ പിന്‍ഗാമികളാണ്‌.

സാമൂതിരി രാജവംശം
ഏകദേശം 780 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേരാണ് സാമൂതിരി. സാമൂതിരിയുടെ വംശം നെടിയിരുപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരി, ഏറാടിമാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.

പാലക്കാട് രാജവംശം
കുലശേഖരന്മാരുടെ കാലത്ത് നെടുംപുറൈയൂർ സ്വരൂപം എന്നായിരുന്നു ഈ നാടിന്റെ പേര്. ഈ നാടിന്റെ ആസ്ഥാനം പാറയിൽ നിന്ന് പിന്നീട് തരൂരിലേക്ക് മാറ്റി. കോവിലകം തരൂരിലേക്ക് മാറ്റിയതോടെ അത് തരൂർ സ്വരൂപം എന്ന പേരിൽ അറിഞ്ഞുതുടങ്ങി. സാമൂതിരിയുടെ തരൂർ അക്രമണകാലത്ത് തരൂർ കോട്ട ഇടിച്ചു നിരത്തുകയുണ്ടായി. തുടർന്ന് പാലക്കാട്ടേക്ക് താമസം മാറ്റി. പാലക്കാട്ട് സ്ഥിരതാമസമാക്കിയതിന് ശേഷമാണ് ഈ രാജവംശത്തെ പാലക്കാട്ട് രാജവംശമെന്ന് വിളിക്കാൻ തുടങ്ങിയത്.

കടത്തനാട് രാജവംശം
കളരിപ്പയറ്റിനും വടക്കൻ പാട്ടിനും പേരുകേട്ട നാടാണ് കടത്തനാട്. ഇപ്പോഴത്തെ വടകര താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായിരുന്നു പണ്ടത്തെ കടത്തനാട്. കടത്തനാട് രാജവംശം വടകര വാഴുന്നോർ എന്നും അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് കോലത്തിരിയുടെ രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു കടത്തനാട്. കടത്തനാട് രാജവംശം ഏറെക്കാലം കോലത്തിരിയുടെ സാമന്തന്മാരായിരുന്നു.

അറയ്ക്കൽ രാജവംശം
കേരളത്തിലെ ഏക മുസ്ലീം രാജവംശമാണ്‌ കണ്ണൂര്‍ ഭരിച്ചിരുന്ന അറയ്ക്കല്‍. ആദ്യം ഇവരുടെ ആസ്ഥാനം ധര്‍മടമായിരുന്നു. പിന്നീട്‌ കണ്ണൂരിലേക്ക്‌ മാറി. ഈ വംശത്തിലെ ഏറ്റവും പ്രായമായ അംഗം സ്ത്രീയായാലും പുരുഷനായാലും ഭരണമേല്‍ക്കുന്നുവെന്നത്‌ ഒരു പ്രത്യേകതയാണ്‌. ഭരണാധികാരി പുരുഷനാണെങ്കില്‍ സ്ഥാനപ്പേര്‍ ആലിരാജായെന്നാണ്‌, സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവിയെന്നും. ഇവര്‍ മരുമക്കത്തായം പിന്തുടരുന്നവരാണ്‌.

കുമ്പള രാജവംശം
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ രാജവംശമാണ് കുമ്പള. ഈ രാജ്യത്തിന്റെ വടക്കേ അതിർത്തി കുമ്പളയും തെക്കേ അതിർത്തി ചന്ദ്രഗിരിപ്പുഴയുമാണ്. ഇന്നത്തെ കാസർഗോഡ് താലൂക്കിന്റെ ഭൂരിഭാഗവും ഈ രാജ്യത്ത് ഉൾപ്പെട്ടിരുന്നു. മായ്പ്പാടിയിലായിരുന്നു കോവിലകം. വിവിധ കാലഘട്ടങ്ങളിൽ വിജയനഗര രാജാക്കന്മാരും ഇക്കേരി നായിക്കന്മാരും കുമ്പള രാജ്യം ആക്രമിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കുമ്പള പിന്നീട് ബ്രിട്ടീഷ് അധീനത്തിലുള്ള കനറയിൽ ലയിച്ചു.

തലപ്പിള്ളി രാജവംശം
തലപ്പിള്ളി രാജ്യം ആദ്യകാലത്ത് വളരെയേറെ വിസ്തൃതവും സമ്പന്നവുമായ രാജ്യമായിരുന്നു. ഇന്നത്തെ തലപ്പിള്ളി താലൂക്കും അതിനും പുറമേ പൊന്നാനി മുതൽ ചേറ്റുവാ വരെയുള്ള കടലോര പ്രദേശങ്ങളും അടങ്ങിയതായിരുന്നു തലപ്പിള്ളി രാജ്യം. സംസ്കൃതത്തിൽ ഈ രാജ്യത്തിന്റെ പേര് ശിരോ വിഹാരം എന്നായിരുന്നു. ഇവരെ ചിറ്റിലപ്പിള്ളി രാജാക്കന്മാരെന്നും വിളിച്ചിരുന്നു.

വെട്ടത്തുനാട് രാജവംശം
താനൂർ, തൃക്കണ്ടിയൂർ, ചാലിയം, തൃപ്രങ്ങോട്ട് തുടങ്ങിയ സ്ഥലങ്ങളുടെ ആധിപത്യം ഉണ്ടായിരുന്ന ഒരു പഴയ സ്വരൂപമാണ് വെട്ടത്തുനാട്. താനൂർ സ്വരൂപമെന്നും വിളിക്കാറുണ്ട്. നമ്പൂതിരിമാരുടെ പഴയ ഗ്രാമവ്യവസ്ഥയിൽ ഇത് ചൊവ്വര ഗ്രാമത്തിൽപെട്ടതായിരുന്നു.

പരപ്പനാട് രാജവംശം
വെട്ടത്തുനാടിന് സമീപമുണ്ടായിരുന്ന മറ്റൊരു രാജവംശമാണ് പരപ്പനാട്. ഇതിന് തെക്കേ പരപ്പനാടെന്നും വടക്കേ പരപ്പനാടെന്നും രണ്ടു ശാഖകളുണ്ടായിരുന്നു. വടക്കേ പരപ്പനാട്ടിൽ കോഴിക്കോട് താലൂക്കിലെ പന്നിയങ്കരയും ബേപ്പൂരും ചെറുവണ്ണൂരും ഉൾപ്പെട്ടിരുന്നു.

കോട്ടയം രാജവംശം
വടക്കേ മലബാറിലെ കൂത്തുപറമ്പിലായിരുന്നു കോട്ടയം രാജവംശത്തിന്‍റെ ആസ്ഥാനം. കൊങ്ങുനാട്ടിൽ പെട്ട കോട്ടയം, കുറുമ്പ്രനാട്, വയനാട്‌, ഗൂഡല്ലൂര്‍ ഉള്‍പ്പെട്ട പ്രദേശത്തെ പൂറൈക്കിഴാനാട് എന്നും നാടുവാഴിയെ പുരൈകിഴാര്‍ എന്നുമാണ്‌ വിളിച്ചിരുന്നത്‌. പുറൈക്കിഴാര്‍ വംശത്തിന് രണ്ടു ശാഖകളുണ്ടായിരുന്നു; മുതുകൂറും ഇളംകൂറും. ഇതിൽ മുതുകൂറാണ് കോട്ടയമായത്‌. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ അനശ്വര വിപ്ലവകാരിയായ പഴശ്ശി കേരളവർമ്മ തമ്പുരാൻ ഈ രാജവംശത്തിലെ പടിഞ്ഞാറെ ശാഖയിലെ അംഗമാണ്.

കൊല്ലങ്കോട് രാജവംശം
കൊല്ലങ്കോടും അതിനു ചുറ്റുമുള്ള എട്ട് വില്ലേജുകളും ഉൾപ്പെടുന്ന പ്രദേശത്തിന്റെ നാടുവാഴിയെ വേങ്ങനാട്ടു നമ്പിടിയെന്നും കൊല്ലങ്കോട് നമ്പിടിയെന്നും വിളിച്ചിരുന്നു. ഇന്നത്തെ പാലക്കാട് ജില്ലയിലെ ചിറ്റൂർതാലൂക്കിലാണ് കൊല്ലങ്കോട്. പിൽക്കാലത്ത് ഈ നാടുവാഴി കൊല്ലങ്കോട് രാജ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

നീലേശ്വരം രാജവംശം
ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിലാണ് നീലേശ്വരം രാജവംശത്തിന്റെ ആസ്ഥാനം. കണ്ണൂരിൽ നിന്ന് 85 കിലോമീറ്റർ വടക്കാണ് നീലേശ്വരം. നീലേശ്വരത്തും സമീപ പ്രദേശങ്ങളിലുമായി നാലു ശാഖകളുണ്ട് ഈ രാജവംശത്തിന്. എന്നാൽ തെക്കേ കോവിലകവും വടക്കേ കോവിലകവുമാണ് അതിൽ പ്രധാനം. മറ്റു രണ്ടു ശാഖകൾ മഠത്തിൽ, കിണാവൂർ എന്നിവയാണ്.

നകുറുങ്ങോത്ത്
തലശ്ശേരിക്കും മാഹിക്കും ഇടയ്ക്കുള്ള ചെറിയ പ്രദേശത്തിന്റെ നാടുവാഴിയായിരുന്നു കുറുങ്ങോത്ത് നായർ. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് കളമൊരുക്കിയത് കുറുങ്ങോത്ത് നായരാണ്. 1787ൽ ടിപ്പു സുൽത്താൻ ഇദ്ദേഹത്തെ തൂക്കിക്കൊന്ന് നാട് കൈവശമാക്കി. വർഷങ്ങൾക്കുശേഷം അവകാശികൾക്ക് നാട് തിരിച്ചു കിട്ടിയെങ്കിലും 1803ൽ അത് ബ്രിട്ടീഷ് മലബാറിനോട് ചേർത്തു.

കരിപ്പത്ത്
ശ്രീകണ്ഠപുരത്തിന്റെ മറ്റൊരു പേരാണ് കരിപ്പത്ത് ഇളൈകോവിൽ എന്നു പേരായ ഒരു രാജവംശം ഇവിടെ വാണിരുന്നതായി പറയപ്പെടുന്നു. വടക്കൻ കോലത്തിരി രാജാവിന്റെ മൂലകുടുംബമാണ് ഈ രാജവംശം എന്നു കരുതുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച ഇബ്നു ബത്തൂത്ത കരിപ്പത്തിനെ ജർഫത്തൻ എന്നാണ് വിളിച്ചിരുന്നത്.
അയിരൂർ രാജവംശം
പടിഞ്ഞാറ്റിയേടത്ത് സ്വരൂപത്തിൽ പെട്ടതാണ് അയിരൂർ രാജവംശവും കൊടുങ്ങലൂർ രാജവംശവും. ഈ രാജവംശങ്ങൾക്ക് സാമൂതിരി കോവിലകത്ത് പ്രധാന സ്ഥാനമുണ്ടായിരുന്നു. അയിരൂർ സ്വരൂപത്തിന് ശാർക്കര കോവിലകം എന്നും പേരുണ്ടായിരുന്നു കൊടുങ്ങലൂരിനും ചേറ്റുവായ്ക്കും ഇടയിലുള്ള രാജ്യത്തിന്റെ ഭരണാധികാരമാണ് ഈ രാജവംശത്തിനുണ്ടായിരുന്നത്.

കവളപ്പാറ
കവളപ്പാറ നായർ കുടുംബക്കാർ കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ വലിയ പ്രഭു സ്വരൂപങ്ങളിൽ പ്രമുഖരാണ്. ഇവർ പിൽക്കാലത്ത് സാമൂതിരിയുടെ സാമന്തരായി. കവളപ്പാറ മൂപ്പിൽ നായർ, കരങ്ങാട്ട് മൂത്തവർ, അയ്യഴി പടനായർ, വടക്കും നമ്പടി, കാഞ്ഞൂർ പടനായർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഒറ്റപ്പാലത്തിന്റെ ചില ഭാഗങ്ങളും ചിറ്റൂർ, പാലക്കാട് ഭാഗങ്ങളിൽ ഏതാനും പ്രദേശങ്ങളും ഇവരുടെ കീഴിലായിരുന്നു. കോരപ്പുഴയ്ക്ക് തെക്കുള്ള ഭാഗങ്ങളിൽ യാഗത്തിൽ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്നത് കവളപ്പാറ നായരാണ്.

രണ്ടത്തറ
ധർമ്മടത്തിന് കിഴക്ക് അഞ്ചരക്കണ്ടി, മാവിലായി, എടയ്ക്കാട് ഭാഗങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് രണ്ടത്തറ. ഇതിന് പൊയ്‌നാടെന്നും പേരുണ്ട്. നാലു നമ്പ്യാർ കുടുംബങ്ങളുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇവർ കോലത്തുനാടിന്റെ മേൽക്കോയ്‌മ അംഗീകരിച്ചിരുന്നു. കോലത്തിരിയുടെ ശക്തി ക്ഷയിച്ചപ്പോൾ അവർ സ്വതന്ത്രരായി. ഭരണാധികാരികളെ രണ്ടത്തറ അച്ചന്മാർ എന്നാണ് വിളിച്ചിരുന്നത്. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ വ്യാപാരശാല സ്ഥാപിച്ചതിനുശേഷം രണ്ടത്തറ അച്ചന്മാർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യോജിപ്പിലായി.

No comments:

Powered by Blogger.