Kingdoms of Travancore | Kingdoms of Kerala
വേണാട് രാജവംശം |
---|
സംഘകാലത്ത് ആയ് രാജാക്കന്മാരുടെ കീഴിലായിരുന്നു വേണാട്. പൊതിയിൽമലയിലെ ആയിക്കുടിയായിരുന്നു ഇവരുടെ ആസ്ഥാനം. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ആയ് ഭരണം നിലനിന്നിരുന്നു. കുലശേഖരപ്പെരുമാക്കന്മാരുടെ കാലത്ത് ആ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള സാമന്തരാജ്യമായിരുന്നു വേണാട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് വേണാടിന് സ്വതന്ത്ര പദവി ലഭിച്ചത്.
ആറ്റിങ്ങൽ സ്വരൂപം |
---|
ആറ്റിങ്ങൽ സ്വരൂപം വേണാടിന്റെ ഭാഗമായിരുന്നു. എന്നാൽ കാലക്രമത്തിൽ ആറ്റിങ്ങൽ സ്വതന്ത്ര സ്വരൂപമായി മാറി. ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കിയിരുന്നു. തിരുവിതാംകൂറിലെ മഹാരാജാവ് ആദിത്യവർമ്മയുടെ അനന്തരവൾ ആണ് ഉമയമ്മറാണി എന്നറിയപ്പെട്ട ആറ്റിങ്ങൽ കോവിലകത്തെ അശ്വതി തിരുനാൾ ഉമയമ്മറാണി. റാണി കഴിവുറ്റ ഭരണാധികാരിയായിരുന്നു. ക്ഷേത്രങ്ങളിലെ വരവു ചെലവ് കണക്കാക്കി യോഗക്കാരെ നിയന്ത്രിച്ചു.
ആധുനിക തിരുവിതാംകൂർ |
---|
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പി. 1729 ലാണ് മാർത്താണ്ഡവർമ്മ സ്ഥാനാരോഹണം ചെയ്‌തത്. തിരുവിതാംകൂറിന്റെ ഭരണം ഏറ്റെടുത്ത അദ്ദേഹത്തിന് പല വെല്ലുവിളികളും നേരിടേണ്ടിവന്നു. മാർത്താണ്ഡവർമ്മ കായംകുളം, കൊല്ലം, അമ്പലപ്പുഴ, തെക്കുംകൂർ എന്നീ രാജ്യങ്ങളെല്ലാം കീഴടക്കി തിരുവിതാംകൂറിനോട് ചേർത്തു.
ദേശിങ്ങനാട് |
---|
കൊല്ലം ആസ്ഥാനമാക്കി ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കും ഇടയിലായിരുന്ന ഒരു ചെറുരാജ്യമാണ് ദേശിങ്ങനാട്. 1468ലെ മതിലകം രേഖകളിൽ കൊല്ലം ഭരിച്ചിരുന്ന രവിവർമ്മ രാജാവിനെ കുറിച്ച് പരാമർശമുണ്ട്. കൊല്ലം ഭരിച്ചിരുന്ന ജയസിംഹൻ എന്ന രാജാവ് കൊല്ലത്തു നിന്ന് പാണ്ഡ്യന്മാരെ തുരത്തിയതായി ചില രേഖകളുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണത്രേ രാജ്യത്തിന് ജയസിംഹനാട് എന്ന പേരു കിട്ടിയത്.
ഇളയിടത്തു സ്വരൂപം |
---|
വേണാട് രാജവംശത്തിൽ നിന്ന് വേർപിരിഞ്ഞ ശാഖയാണ് ഇളയിടത്തു സ്വരൂപം. കുന്നുമ്മൽ സ്വരൂപമെന്നും കൊട്ടാരക്കര രാജവംശമെന്നും ഇതിനു പേരുണ്ട്. ഇളയിടത്തു സ്വരൂപത്തിന്റെ ആദ്യ തലസ്ഥാനം കിളിമാനൂരിനടുത്തുള്ള കുന്നുമ്മൽ ആയിരുന്നു. പിന്നീട് കൊട്ടാരക്കരയിലേക്ക് മാറ്റി. നെടുമങ്ങാടും കൊട്ടാരക്കരയും പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ഏതാനും ഭാഗങ്ങളും ഇളയിടത്തു സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു.
കിളിമാനൂർ രാജവംശം |
---|
തിരുവിതാംകൂർ കൊട്ടാരത്തിലെ തമ്പുരാട്ടിമാരെ വിവാഹം ചെയ്തിരുന്നത് കിളിമാനൂർ കൊട്ടാരത്തിലെ തമ്പുരാക്കന്മാരാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, മതം മാറ്റുമോയെന്നു ഭയന്ന് പരപ്പനാട് രാജവംശത്തിന്റെ ആലിയക്കോട്ട് കോവിലകത്തെ അഞ്ചു തമ്പുരാട്ടിമാരും മൂന്നു തമ്പുരാക്കന്മാരും തിരുവിതാംകൂറിൽ അഭയംപ്രാപിച്ചു. തിരുവിതാംകൂർ രാജാവ് അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. പരപ്പനാട്, മൈസൂർ സുൽത്താന്മാരുടെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെട്ടിട്ടും കുറേപേർ തിരുവിതാംകൂറിൽതന്നെ സ്ഥിരതാമസമാക്കി. അവരുടെ സന്തതിപരമ്പരകളാണത്രേ കിളിമാനൂർ രാജവംശം.
പന്തളം രാജവംശം |
---|
ഇന്നത്തെ ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്ന ഒരു ചെറിയ രാജവംശമാണ് പന്തളം രാജവംശം. സ്വാതന്ത്രരാജ്യമായിരുന്നെങ്കിലും എക്കാലത്തും വേണാടിന്റെ സുഹൃത് രാജ്യമായിരുന്നു പന്തളം.
പൂഞ്ഞാർ രാജവംശം |
---|
പാണ്ഡ്യന്മാരുമായി ബന്ധമുള്ള മറ്റൊരു രാജവംശമാണ് പൂഞ്ഞാർ. തെക്കുംകൂറിൽ നിന്ന് ഇന്നത്തെ മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ പ്രദേശങ്ങൾ വിലകൊടുത്തു വാങ്ങിയിട്ടാണ് പൂഞ്ഞാർ രാജവംശം ഭരണം തുടങ്ങിയത്. മാനവിക്രമ കുലശേഖരപ്പെരുമാളാണ് പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകൻ. 1749 - 50 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ പൂഞ്ഞാർ പിടിച്ചടക്കി.
വടക്കുംകൂർ |
---|
എ.ഡി 1100ൽ വെൺപൊലി നാട് രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ, വടക്കുഭാഗമാണ് വടക്കുംകൂറായി മാറിയത്. കൊച്ചി രാജ്യവും പോർച്ചുഗീസുകാരുമായും വടക്കുംകൂർ യുദ്ധം ചെയ്തിട്ടുണ്ട്. 1750ൽ മാർത്താണ്ഡവർമ്മ വടക്കുംകൂർ ആക്രമിച്ചു കീഴടക്കി.
തെക്കുംകൂർ |
---|
വെൺപൊലി നാടിന്റെ തെക്കൻ പ്രദേശമാണ് തെക്കുംകൂറായി മാറിയത്. കൊച്ചി രാജ്യവുമായി ഇവർ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുണ്ട്. 1754ൽ തെക്കുംകൂറിനെ തിരുവിതാംകൂർ യുദ്ധത്തിൽ തോൽപ്പിച്ചു. അതോടെ തെക്കുംകൂർ തിരുവിതാംകൂറിന്റെ ഭാഗമായി.
കായംകുളം രാജവംശം |
---|
കായംകുളം രാജവംശത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്ന നീണ്ട കടൽത്തീരമുള്ള രാജ്യമായിരുന്നു കായംകുളം. 1734 ലും 1737 ലും തിരുവിതാംകൂർ കായംകുളത്തെ ആക്രമിച്ചു. 1746ൽ മാർത്താണ്ഡവർമ്മ കായംകുളത്തെ തോൽപ്പിച്ച് തിരുവിതാംകൂറിനോട് ചേർത്തു.
ചെമ്പകശ്ശേരി രാജവംശം |
---|
ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ ഉൾപ്പെട്ട ഒരു രാജ്യമായിരുന്നു ചെമ്പകശ്ശേരി. ദേവനാരായണൻ എന്നായിരുന്നു ചെമ്പകശ്ശേരി രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്. പുറക്കാട് അരയനായിരുന്നു ഇവരുടെ നാവികത്തലവൻ. കായംകുളത്തെ യുദ്ധത്തിൽ സഹായിച്ചതിനാൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി ആക്രമിച്ചു. യുദ്ധത്തിൽ തോറ്റതോടെ ചെമ്പകശ്ശേരി തിരുവിതാംകൂറിന്റെ ഭാഗമായി.
No comments: